ചെട്ടികുളങ്ങര: ചെട്ടികുളങ്ങര ചന്ത- പാട്ടത്തുമുക്ക്-കണ്ണമംഗലം റോഡ് തകർന്ന് ഗതാഗതയോഗ്യമല്ലാതായിട്ട് മാസങ്ങളായി. ഏറെനാളായി കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിൽ വെള്ളക്കെട്ടുകൂടിയായപ്പോൾ കാൽനടയാത്രപോലും അസാധ്യമായി. റോഡ് ഗതാഗതയോഗ്യമല്ലാതായതോടെ ചെട്ടികുളങ്ങര, കണ്ണമംഗലം ഭാഗത്തുള്ള ജനം ചുറ്റിക്കറങ്ങി കിലോമീറ്ററുകൾ അധികം യാത്രചെയ്യേണ്ട അവസ്ഥയാണ്. ഈ റോഡിന്റെ നവീകരണത്തിനായി കഴിഞ്ഞ ഫെബ്രുവരിയിൽ ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും നിർമാണപ്രവർത്തനം ഇതുവരെയും തുടങ്ങാനായിട്ടില്ല.
ടി.കെ. മാധവൻ റോഡ് എന്നറിയപ്പെടുന്ന ചെട്ടികുളങ്ങര ചന്ത -കണ്ണമംഗലം റോഡ് പ്രദേശത്തെ പ്രധാന റോഡുകളിലൊന്നാണിത്. വെള്ളമൊഴുകിപ്പോകാൻ മാർഗമില്ലാത്തതാണ് റോഡിന്റെ തകർച്ചയ്ക്കു പ്രധാന കാരണം. റോഡിനു സമീപത്തുകൂടി പിഐപി ഉപകനാൽ കടന്നുപോകുന്നുണ്ടെങ്കിലും റോഡിനേക്കാൾ ഉയരത്തിലായതിനാൽ വെള്ളമൊഴുക്കിവിടാൻ കഴിയില്ല. റോഡിന്റെ ഇരുവശവും നീർച്ചാലുകളും ഓടയും ഉണ്ടെങ്കിലും വെള്ളം ഒഴുകാറില്ല. വെള്ളം കെട്ടിനിന്നതോടെ വാഹനങ്ങൾ പോകുമ്പോൾ വലിയ കുഴികൾ രൂപപ്പെടുകയാണ്.
മുമ്പ് റോഡുപണിക്കായി ജില്ലാ പഞ്ചായത്ത് ചെറിയ തുകകൾ അനുവദിച്ചിരുന്നെങ്കിലും ഓട ഉൾപ്പെടെ പണിയേണ്ടതിനാൽ ഈ തുക പര്യാപ്തമല്ലാതെവന്നു. പണി തുടങ്ങാനും കഴിഞ്ഞില്ല. തുടർന്നാണ് ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ അനുവദിച്ചത്. എന്നാൽ, എസ്റ്റിമേറ്റ് തയാറാക്കി അംഗീകാരത്തിനായി സമർപ്പിച്ചതല്ലാതെ മറ്റു നടപടികളൊന്നുമായിട്ടില്ല. പാട്ടത്തുമുക്ക് ഭാഗത്ത് റോഡ് കുഴിയായി ചെളിവെള്ളം കെട്ടിനിൽക്കുന്നതിനാൽ കാൽനടയാത്രപോലും സാധ്യമല്ല. സൈക്കിളിലും ബൈക്കിലും വരുന്നവർ കുഴിയിൽ തെന്നിവീണുള്ള അപകടങ്ങളും പതിവാണ്.
ഓട്ടോറിക്ഷപോലും പോകാത്ത അവസ്ഥയായതോടെ ചെട്ടികുളങ്ങരയ്ക്കും കണ്ണമംഗലത്തിനുമിടയിൽ യാത്രചെയ്യേണ്ടവർ കൂടുതൽ പണംനൽകി ചുറ്റിക്കറങ്ങിപ്പോകേണ്ട സ്ഥിതിയാണ്.
ചെട്ടികുളങ്ങര മാർക്കറ്റ് ജംഗ്ഷൻ-പാട്ടത്തിൽ മുക്ക് റോഡ് നിർമാണപ്രവൃത്തി ഉടനെന്ന്
ചെട്ടികുളങ്ങര: മാർക്കറ്റ് ജംഗ്ഷൻ-പാട്ടത്തിൽ മുക്ക് റോഡ് നിർമാണ പ്രവൃത്തികൾ അടിയന്തരമായി ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ അറിയിച്ചു. സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയിൽ കിടക്കുന്ന റോഡിന് ജില്ലാ പഞ്ചായത്ത് 2025-26 പദ്ധതിയിൽ തുക മാറ്റിവച്ചിട്ടുണ്ടായിരുന്നു. എന്നാൽ ഈ തുക കുറവായതുകൊണ്ട് നിർമാണ പ്രവൃത്തകൾ ആരംഭിക്കാൻ കഴിഞ്ഞില്ല.
പുതിയ ഭരണസമിതി ചുമതലയേറ്റപ്പോൾ ഫണ്ടിന്റെ സ്ഥിതി മനസിലാക്കി ഈ റോഡിന് 50 ലക്ഷം രൂപയാക്കി വർധിപ്പിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാറിയതിനുശേഷമാണ് സാങ്കേതികാനുമതിക്കായി അപേക്ഷിച്ചതും അനുമതി ലഭിച്ചതും.
ഇപ്പോൾ ടെൻഡർ നടപടിക്ക് നൽകിയിരിക്കുകയാണ്. 50 ലക്ഷം രൂപ ചെലവഴിച്ച് 738 മീറ്റർ നീളം ടാറിംഗ്, താഴ്ന്ന വെള്ളക്കെട്ടുകളുള്ള 132 മീറ്റർ നീളത്തിൽ ഇന്റർലോക്ക്, ടാറിന്റെ സൈഡ് കോൺക്രീറ്റ്, വെള്ളം ഒഴിവാക്കാനുള്ള ഭാഗത്ത് 243 മീറ്റർ ഓട എന്നിവ പണിയും. യുദ്ധകാലാടിസ്ഥാനത്തിൽ നിർമാണപ്രവൃത്തികൾ ആരംഭിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.